മൂവാറ്റുപുഴ: ലൈഫ് വീടുകളുടെ നിര്‍മ്മാണത്തില്‍ ഒന്നാമതെത്തി മൂവാറ്റുപുഴ നഗരസഭ. 112 വീടുകളില്‍ 95 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാണ് നഗരസഭ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുന്നത്. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ബുധനാഴ്ച രാവിലെ 11-ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഏ.സി.മൊയ്തീന് നിര്‍വ്വഹിക്കും. നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് സ്വാഗതം പറയും.

ചടങ്ങില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് വിതരണോദ്ഘാടനം ജോയ്സ് ജോര്‍ജ് എം.പിയും, ഒന്നാം ഘട്ട പദ്ധതിയില്‍ പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കലും , പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനോപകരണ വിതരണം മുന്‍ എം.എല്‍.എ ജോസഫ് വാഴക്കനും, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം മുന്‍ എം.എല്‍.എ ബാബു പോളും, വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ് ടോപ്പ് വിതരണം നഗരസഭാ വൈസ് ചെയര്മാന് പി.കെ ബാബുരാജും നിര്‍വഹിക്കും.

ലൈഫ് ഭവന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 112 വീടുകള്‍ക്കാണ് നഗരസഭാ പരിധിയില്‍ അനുമതി ലഭിച്ചത്. 108 അപേക്ഷകര്‍ക്ക് പെര്‍മിറ്റ് നല്കി. ഇതില്‍ 95 പേരാണ് ഇതിനോടകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മറ്റുള്ള വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണന്നും നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് പറഞ്ഞു. 28 വാര്‍ഡുകളുള്ള നഗരസഭയില്‍ പതിനൊന്നാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത്. ഇവിടെ 16 വീടുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 12 വീടുകളുമായി ഇരുപത്തിനാലാം വാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. 16 വാര്‍ഡുകളിലായാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനം ആയിരം പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് വീടുകളുടെ താക്കോല്‍ ദാനം നടത്തുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് പറഞ്ഞു.

