കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് (എം) ലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗവും ഇന്ന് വൈകിട്ട് കോട്ടയത്ത് ചേരും.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് യുഡിഎഫ് യോഗം വിളിച്ചുചേര്‍ത്തത്. ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ നടത്തുകയാണ് ലക്ഷ്യം. ഇതിനായി ജോസ് കെ മാണിയുമായും പി ജെ ജോസഫുമായും സമിതി പ്രത്യേകം ചര്‍ച്ച നടത്തും.
അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി തോമസ് ചാഴിക്കാടന് അധ്യക്ഷനായ സമിതി രൂപീകരിച്ചുവെന്ന് ജോസ് കെ മാണി ഇന്നലെ അറിയിച്ചിരുന്നു. സമിതിയില്‍ ഏഴ് അംഗങ്ങളാവും ഉണ്ടാവുക. ഞായറാഴ്ച വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മുമ്ബ് പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം അറിയിക്കാം. ചിഹ്നത്തില്‍ ധാരണയായിയെന്നും ജോസ് കെ മാണി പറഞ്ഞു.


