കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ മാനിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തയ്യാറാകണമെന്ന് സി.എം.പി. കേന്ദ്ര സെക്രട്ടറിയേറ്റംഗം അഡ്വ. ജി. സുഗുണന് പറഞ്ഞു. വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം എടുത്ത് പറഞ്ഞിരിക്കുകയാണ്. വസ്തുതകള്‍ അംഗീകരിച്ചുകൊണ്ട് വര്‍ഗ്ഗീയ ശക്തികളുടെ പിടിയില്‍ നിന്നും മോചിതരാകാന്‍ ഈ വൈകിയ വേളയിലെങ്കിലും ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയണം.

Rahul Gandhi……………………………………………………………………………………
കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണവും ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ശബരിമലയുടെ പാരമ്പര്യം ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവരുടേതുമാണെന്നും സകല മതസ്തരായ വിശ്വാസികളേയും സ്വാഗതം ചെയ്യുന്ന ഈ ആരാധനാലയം മതേതരത്വത്തിന്റെ പ്രതീകമാണെന്നും ഹൈക്കോടതി ഉച്ചൈസ്തരം പ്രഖ്യാപിച്ചിരിക്കുകയാണ്. വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്നിടം കൂടിയായ സന്നിധാനം ഏതെങ്കിലും ഒരു മതത്തില്പെട്ടവര്ക്കോ ലിംഗത്തില്പെട്ടവര്ക്കോ മാത്രം പ്രവേശിക്കാനുള്ള സ്ഥലമല്ലായെന്നും കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. സ്വാഗതാര്‍ഹമായ ഈ ഹൈക്കോടതി നിരീക്ഷണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. വി.എം. സുധീരനെ പോലുള്ള പുരോഗമനം പ്രസംഗിച്ച് നടക്കുന്ന നേതാക്കള്‍ ഈ വൈകിയ വേളയിലെങ്കിലും വസ്തുതകള്‍ മനസ്സിലാക്കി പ്രതികരിക്കണമെന്ന് സുഗുണന് ആവശ്യപ്പെട്ടു.



