പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപികരിച്ചു. ഏഴംഗ സമിതി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. പ്രഖ്യാപനത്തിലും ചിഹ്നത്തിലും യുഡിഎഫിൽ ധാരണയായിട്ടുണ്ടെന്നും ജോസ് കെ മാണി അറിയിച്ചു.
നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍ സാധ്യത. പാലായിൽ ചേർന്ന നേതൃയോഗത്തിലും നിഷയുടെ പേരാണ് മുഖ്യമായും പരിഗണിച്ചത്. എന്നാൽ അംഗീകരിക്കില്ലെന്നാണ് പി ജെ ജോസഫ് നൽകുന്ന സൂചന. ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കേ ചിഹ്നം നൽകൂ എന്നാണ് പി ജെ ജോസഫിന്റെ നിലപാട്.
അതേസമയം, കേരള കോൺഗ്രസിലെ തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ബിഷപ്പ് വി എസ് ഫ്രാൻസീസ് മുന്നറിയിപ്പ് നല്കി. തർക്കം തുടർന്നാൽ എല്‍ഡിഎഫ് അനായാസം ജയിക്കുമെന്ന് വി എസ് ഫ്രാൻസീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


