ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത് ഇടതുപക്ഷ സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന കാര്യാലയം ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനെ വധിക്കാന്‍ ശ്രമിച്ച കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ വാദം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത് നീതിന്യായ വ്യവസ്ഥയുടെ വിജയമാണ്.
കൃത്യമായ തെളിവുകളും സിസിടിടി ദൃശ്യങ്ങളുമുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അധികാരത്തിന്റെ ഹുങ്കില്‍ എന്തും ആകാമെന്ന കമ്മ്യൂണിസ്റ്റുകാരുടെ ഫാസിസത്തിനേറ്റ പ്രഹരമാണ് ഈ കോടതി വിധി.
കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളിവുകള്‍ ഉണ്ട്. ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളാണ് കേസിലെ പ്രതികള്‍.
ഇവരെ രക്ഷപ്പെടുത്താനുള്ള വഴിവിട്ട നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കും വരെ ബിജെപി നിയമപോരാട്ടം നടത്തുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.