ആലപ്പുഴയില്‍ പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ സിപിഐഎം. പാര്‍ട്ടി തീരുമാനം ലംഘിച്ച് പരസ്യ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ ഇളക്കിവിട്ടതില്‍ മുതിര്‍ന്ന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
പാര്‍ട്ടി ബ്രാഞ്ച് ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറിലധികം പ്രവര്‍ത്തകരാണ് നേതാക്കന്മാര്ക്ക് എതിരെ മുദ്രവാക്യം വിളിച്ച് തെരുവിലിറങ്ങിയത്. പാര്‍ട്ടി ഏരിയ കമ്മിറ്റി നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ പരസ്യപ്രതിഷേധത്തിന് പിന്തുണ നല്‍കിയിരുന്നു. എല്ലാം അന്വേഷിക്കാനും നടപടിയെടുക്കാനും കമ്മീഷനെ വയ്ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തെ ചൊല്ലി സിപിഐഎം ശക്തികേന്ദ്രമായ മാരാരിക്കുളത്ത് ഐസക് സുധാകര പക്ഷ പോരും ശക്തമായിട്ടുണ്ട് ഇതെല്ലാം ഇന്ന് ചേരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.


