വി വി പ്രകാശിന്റെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ സഹോദരനുമായി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും നല്ലൊരു നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന് സീറ്റ് നല്കാന് ഒറ്റക്കെട്ടായുള്ള തീരുമാനം ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രകാശിന്റെ സൗമ്യമായ പെരുമാറ്റം ഏവരെയും ആഘര്ഷിക്കുന്നതായിരുന്നുവെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ധൈര്യമായി ഇരുന്നോ, ഞാന്‍ ഒരു സീറ്റുമായി വരും എന്നാണ് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു പ്രകാശ്. വിയോഗം രാഹുലിനെ അറിയിച്ചെന്നും വേണുഗോപാല്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴും നിലമ്പൂരില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതാണെന്ന് ഷാഫി പറഞ്ഞു. ഒരു പരിപാടിക്ക് വിളിച്ചാല്‍ ബസ് കയറി വരുന്ന പ്രകാശേട്ടന് യൂത്ത് കോണ്ഗ്രസുകാന്ക്കെല്ലാം മാതൃകയാണെന്നും ഷാഫി പറഞ്ഞു.
എല്ലാവരുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും, കറകളഞ്ഞ ഗാന്ധിയനുമായിരുന്നു പ്രകാശെന്ന് വിതുമ്പലോടെ ടി സിദ്ദീഖ് ഓര്‍മിച്ചു. അദ്ദേഹത്തിന് അനുശോചനം പറയേണ്ടിവരുമെന്ന് കരുതിയതല്ല. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും ഇനി സഭയില്‍ കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്- പൊട്ടിക്കരച്ചിലോടെ സിദ്ദീഖ് പറഞ്ഞു.

ആര്‍ക്കും ഏത് സമയത്തും സമീപിക്കാവുന്ന പൊതു പ്രവര്‍ത്തകനായിരുന്നു വി.വി. പ്രകാശെന്ന് പി.കെ. ബഷീര്‍ എം.എല്‍.എയും ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വിജയം ഉറപ്പിച്ചിരിക്കുന്ന ഘട്ടത്തിലെ വിയോഗം വ്യക്തിപരമായും പാര്‍ട്ടിക്കും താങ്ങാനാവാത്ത ആഘാതമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.
ഡിസിസി അധ്യക്ഷനും നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ. വി.വി പ്രകാശിന്റെ നിര്യാണത്തിലൂടെ മലപ്പുറം ജില്ലയ്ക്ക് കരുത്തനായ ഒരു കോണ്‍ഗ്രസ് നേതാവിനെയും വ്യക്തിപരമായി തനിക്ക് നല്ലൊരു ആത്മബന്ധമുള്ള സഹപ്രവര്‍ത്തകനെയുമാണ് നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്.
തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീര്‍ഘനേരം താന്‍ വിവി പ്രകാശുമായി ഫോണില്‍ സംസാരിച്ചിരുന്നു. അത് അദ്ദേഹവുമായുള്ള ഒടുവിലത്തെ ആശയ വിനിമയം ആയിരുക്കുമെന്ന് കരുതിയിരുന്നില്ല. പ്രകാശിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. ആദര്‍ശ ശുദ്ധിയുള്ള ഊര്‍ജ്ജസ്വലനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും എംഎം ഹസ്സന് പറഞ്ഞു.
രാഷ്ട്രീയ മാന്യതയുടെ മുഖമായിരുന്നു വിവി പ്രകാശ്. ആദര്‍ശാധിഷ്ഠിത ജീവതത്തിന് ഉടമയായ പ്രകാശ് രാഷ്ട്രീയ എതിരാളികളോട് പോലും മാന്യതയോടെയാണ് പെരുമാറിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന പ്രകാശ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചിരുന്നു. നിലമ്പൂരില്‍ പണാധിപത്യ രാഷ്ട്രീയത്തെ ജനപിന്തുണ കൊണ്ട് മറികടക്കാന്‍ കഴിയുമെന്ന വിജയപ്രതീക്ഷ താനുമായി പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിന് ഊര്‍ജ്ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.


