തിരുവനന്തപുരം; നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്ടെത്തി. ഒരു വര്‍ഷം മുന്‍പ് മരണമടഞ്ഞ ധര്മജന് എന്ന വ്യക്തിക്ക് സ്വന്തം പേരില്‍ ഒരു ബൂത്തിലും മറ്റൊരു പേരില്‍ അതേ ഫോട്ടോയില്‍ തന്നെ വേറെ ഒരു വോട്ടുമാണ് ഉള്ളത്. അതോടൊപ്പം ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരില്‍, പല ബൂത്തില്‍ നാനൂറ്റി അന്‍പതിലേറെ വോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ഇരട്ട വോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാല്‍ പറഞ്ഞു.
2020 മേയില്‍ മരണമടഞ്ഞ ധര്‍മജന്റെ മരണ സര്‍ട്ടിഫിക്ക് ഉള്‍പ്പെടെ പുറത്ത് വിട്ടാണ് യുഡിഎഫ് വോട്ടര്‍ പട്ടികയിലെ തട്ടിപ്പ് പുറത്തു കാട്ടിയത്. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂരില്‍ താമസിച്ചിരുന്ന വ്യക്തിയാണ് ധര്മജന്. അദ്ദേഹത്തിന്റെ കുളത്തൂര്‍ പോസ്റ്റ് ഓഫീസ് പരിധിയിലെ സ്ഥിരം മേല്‍വിലാസത്തില്‍ ഉള്ളവോട്ട് ഇപ്പോഴും വോട്ടര്‍ പട്ടികയിലുണ്ട്. ധര്‍മജന്റെ അഛന്റെ പേര് നാരായണന് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതേ വ്യക്തിയുടെ പടം ഉപയോഗിച്ച് ജയേന്ദ്രന്‍ എന്ന പേരില്‍ കണിയാവിളാകം എന്ന മേല്‍വിലാസത്തില്‍ മറ്റൊരുവോട്ടും വോട്ടര്‍ പട്ടികയിലുണ്ട്. അഛന്റെ പേര് ചെല്ലമ്മ എന്നാണ് പട്ടികയിലുള്ളത്. എങ്ങിനെ ഇരട്ടിപ്പ് സംഭവിച്ചു എന്ന് ധര്‍മജന്റെ ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ അറിയില്ല.
കഴക്കൂട്ടത്തെ വോട്ടര്‍ പട്ടികയുടെ പ്രാഥമിക പരിശോധനയില്‍ തന്നെ 450 ല്‍അധികം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരുകളിലും പലമേല്‍ വിലാസങ്ങളിലുമാണ് വോട്ടുകള്‍. ഇത്തരത്തില്‍ മണ്ഡലത്തില്‍ കൂടുതല്‍ ക്രമക്കേടുകല്‍ നടന്നോ എന്നുള്ളത് ഉള്‍പ്പെടെ വോട്ടര്‍ പട്ടികയുടെ വിശദമായ പരിശോധന യുഡിഎഫ് പ്രവര്‍ത്തകര്‍ തുടരുകയാണ്.


