ആലപ്പുഴ: ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന് ക്ളീന്‍ ചിറ്റ് നല്കി ആലപ്പുഴ ജില്ല സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. ലഹരി ഇടപാടില്‍ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോര്‍ട്ടില്‍ പറയുന്നു. വാഹനം വാടകയ്ക്ക് എടുത്ത ജയനും പ്രതിയല്ല. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി.
ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി എന്നായിരുന്നു സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഷാനവാസിന് ലഹരി ക്രിമിനല്‍ ബന്ധങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതെല്ലാം തള്ളുന്നതാണ് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.
കേബിള്‍ കരാറുകാരന് എന്ന നിലയില്‍ നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസില്‍ ഷാനവാസ് പ്രതിയല്ല. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഈ മാസം ആദ്യമാണ് കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരി ഉല്പന്നങ്ങള് പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്.


