കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചുവെന്നും എന്നാല്‍ പാവപ്പെട്ടവരും പണക്കാരും ഒരുമിച്ച് കഴിയുന്ന ഇന്ത്യയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ചരിത്ര തീരുമാനമാണ് കഴിഞ്ഞ ദിവസം ചത്തീസ്ഗഡില്‍ വച്ച് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം വേതനം എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദ്ധാനം. മോദി എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം എത്തിക്കാമെന്ന് പറഞ്ഞത് പോലയല്ല ഇത്. രാഹുല്‍ ഗാന്ധി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കും. ചത്തീസ്ഗഡിലും, മദ്ധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കാര്‍ഷികക്കടം എഴുതിത്തള്ളി ഇത് തെളിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്ബതിനായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്മാരെല്ലാം എത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി എത്തിയത്. ഇവിടെ നിന്നും അന്തരിച്ച കോണ്‍ഗ്രസ് എം.പി എം.ഐ.ഷാനവാസിന്റെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം പരിപാടിക്കെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് കൂടിയായിരുന്നു പരിപാടി.

