സുബൈര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് എസ്ഡിപിഐ. ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. പൊലീസിനെതിരെ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നും എസ്ഡിപിഐ നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
സുബൈറിനെ കൊലപ്പെടുത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ലെന്നും തെളിവുകള്‍ ഉണ്ടായിട്ടും കേസ് അട്ടിമറിക്കുകയാണെന്നും എസ്ഡിപിഐ ആരോപിച്ചു. ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു.
ശരവണന്, ആറുമുഖന്‍, രമേശ് എന്നീ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് സുബൈര്‍ വധക്കേസില്‍ ഇതുവരെ അറസ്റ്റിലായത്. പിടിയിലായ രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ്. സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുബൈര്‍ ഉത്തരവാദിയാണെന്ന് സഞ്ജിത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് മൊഴി നല്‍കിയതായി എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു.