പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ ഉപരി പഠനത്തിന് മുഖം തിരിക്കുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേട് ഭേതിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് എം.ജി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം അമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്.
താലൂക്ക് അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ ഇന്നലെ പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.
20 ശതമാനം സീറ്റ് വര്‍ധന നല്കിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മുഴുവന്‍ എപ്ലസ് ലഭിച്ചവരില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി അഡ്മിഷന് ലഭിക്കാനുള്ളത്. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവര്‍ക്കും അഡ്മിഷന് ലഭ്യമാകും. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതോടെ മുഴുവന്‍ എപ്ലസുകര്‍ക്കും പ്രവേശനം ലഭിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.


