ന്യൂഡല്‍ഹി: രക്തസാക്ഷിയായ തന്റെ പിതാവിനേയും മറ്റ് കുടുംബാംഗങ്ങളേയും ബിജെപി മന്ത്രിമാര്‍ നിരന്തരം അപമാനിച്ചു. ഇവര്‍ക്കെതിരെ ഒരു നടപടി പോലും ഉണ്ടായില്ല. രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ് അവര്‍ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതെന്ന് ഓര്‍മ്മിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്തുന്ന സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഗാന്ധി കുടുംബത്തിനെതിരായ ബിജെപി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വഴി പ്രധാനമന്ത്രി അപമാനിക്കുന്നത് കശ്മീരി പണ്ഡിറ്റ് വംശപരമ്പരയെ കൂടിയെന്ന് പ്രിയങ്ക പറഞ്ഞു.
പ്രീയങ്കയുടെ വാക്കുകള്‍
പാര്‍ലമെന്റില്‍ എന്റെ പിതാവിനെ അപമാനിച്ചു, എന്റെ സഹോദരന് മിര്‍ ജാഫര്‍ പോലുള്ള പേരുകള്‍ നല്കി. നിങ്ങളുടെ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എന്റെ അമ്മയെ അപമാനിക്കുന്നു. നിങ്ങളുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന്, എന്നാല്‍ അവര്‍ക്കെതിരെയൊന്നും മാനനഷ്ടത്തിന് കേസെടുത്തിട്ടില്ല. തന്റെ കുടുംബാംഗങ്ങള്‍ അവരുടെ രക്തംകൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ പരിപോഷിപ്പിച്ചവരാണ്. നെഹ്റു-ഗാന്ധി കുടുംബത്തെ പോലും വെറുതെ വിടാതെ ബിജെപി രാഹുലിനെ ദിവസവും അപമാനിക്കുകയാണ്. ഇത്തരക്കാരെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കില്ല, ജയിലിലേക്ക് അയക്കില്ല, വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ തടയില്ല,’ പ്രിയങ്ക പറഞ്ഞു.
രാഹുല്‍ ഗാന്ധി ഹാര്‍വാര്‍ഡില്‍ നിന്നും കേംബ്രിഡ്ജില്‍ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച് അപമാനിച്ചു. ഏജന്‍സികളെ കൊണ്ട് റെയ്ഡ് നടത്തി തങ്ങളെ ഭയപ്പെടുത്താമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറുതയാണ്. തങ്ങള്‍ ഭയപ്പെടില്ല. രാജ്യത്തിന്റെ സമ്പത്ത് അദാനിയടക്കം കൊള്ളചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ട സമയമാണ്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയെയാണ് എട്ട് വര്‍ഷത്തേക്ക് അയോഗ്യനാക്കി പാര്‍ലമെന്റിന് പുറത്താക്കിയത്,’പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.