കണ്ണൂര്‍: ജയരാജന്മാരുടെ കൊമ്പുകോര്‍ക്കലില്‍ വീണ്ടും ഒളിയമ്പുമായി പി.ജയരാജന്. സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ചേരാനിരിക്കെയാണ് ആരോപണങ്ങള്‍ക്ക് പ്രചരണം കൂട്ടുന്നതരം വാക്കുകളുമായി ഇ പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ ആരോപണങ്ങള്‍ തള്ളാതെ പി ജയരാജന് രംഗത്തുവന്നത്. നാടിന്റെയും, പാര്‍ട്ടിയുടെയും താല്‍പ്പര്യത്തിന് കീഴ് വഴങ്ങിക്കൊണ്ടുള്ള നിലപാടാകണം നേതാക്കളും, അംഗങ്ങളും സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പൊതുപരിപാടിയില്‍ പ്രതീകരിച്ചു, . അതില്‍ വ്യതിചലനം ഉണ്ടായാല്‍ ചൂണ്ടിക്കാട്ടും, തിരുത്താന്‍ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പി ജയരാജന് പറഞ്ഞു. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതി കാച്ചിയ പൊന്നുപോലെയാകുമെന്നും പി ജയരാജന് പറഞ്ഞു.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന് കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാന് പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജന് രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം ഇപി ജയരാജന് എതിരായി ഉയര്‍ന്നുവന്നിട്ടുള്ള അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നാളെ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയാവും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ ജയരാജന് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളില്‍ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനയ്ക്ക് എടുക്കാന്‍ തന്നെയാണ് സാധ്യത.