കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എവിടെയും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു. പ്രതിഭ എം.എല്‍.എ. വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്ന് ഉണ്ടായി. സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്ക്കാലം വിട്ടുനില്‍ക്കുന്നു എന്നും പ്രതിഭ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിവാദമായ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം തേടി ഉടനടി പ്രശ്നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എം.എല്‍.എക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു. പ്രതിഭയെ തോല്പിക്കാന് ശ്രമിച്ചുവെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങള്‍ തള്ളിയതോടെ യു പ്രതിഭ എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന.
യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂര്‍ണമായും തള്ളുന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിര് ചേരിയും പ്രതിഭക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്.തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ ഇടയായത്..ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാന്‍. ഇന്നത്തെ ഞാനാക്കി എന്നെ വളര്‍ത്തിയത് ഞാന്‍ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനം ആണ്.ജീവിതത്തിലെ സന്തോഷങ്ങളില്‍ എന്നതുപോലെ, കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നല്കി നിലനിര്‍ത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ സ്നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തില്‍ സൂക്ഷിച്ചു മാത്രമാണ് ഞാന്‍ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്.നാളെകളിലും തീര്‍ച്ചയായും അങ്ങനെ തന്നെ ആയിരിക്കും.
ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിര്‍വഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘര്‍ഷം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും.. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങള്‍ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയില്‍ അത് മനസ്സില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിലാണ് ഞാന്‍ മേല്‍പ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ ഇടയായത്.
തികച്ചും വ്യക്തിപരമായ മനോദുഃഖത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതില്‍ എനിക്ക് വാക്കുകള്‍ക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും ഞാന്‍ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നില്‍ നിന്നും ഉണ്ടാവില്ല. എന്റെ വാക്കുകള്‍ അറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവരില്‍ ഓരോരുത്തരോടും ഞാന്‍ വ്യക്തിപരമായി ഹൃദയപൂര്‍വ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സില്‍ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം.
എംഎല്‍എ എന്ന നിലയില്‍ കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഞാന്‍ എന്നും നില കൊണ്ടിട്ടുള്ളത്.എന്റെ പാര്‍ട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ. സമൂഹ മാധ്യമ വേദികളില്‍ നിന്നുംതാല്‍ക്കാലികമായി കുറച്ചു നാള് വിട്ടുനില്‍ക്കുന്നു. സമൂഹ മാധ്യമ വേദികളില്‍ ഇന്നലെകളില്‍ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിയിരുന്ന ആയിരക്കണക്കായ സ്നേഹ മനസ്സുകളോട് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..ക്രിയാത്മകമായ വിമര്‍ശനങ്ങളുമായ് ആത്മാര്‍ത്ഥത കാട്ടി വരോടും എന്റെ കടപ്പാടും അറിയിക്കുന്നു.


