എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്പകവാടിയും മത്സരിക്കും.
കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നല്‍കിയിട്ടുണ്ട്. റോഷിയും ജയരാജും സഭയിലെത്തിയിട്ടില്ല ധനബില്‍ ചര്‍ച്ചയില്‍ നിന്നും വിട്ട് നില്ക്കുന്ന ജോസ് വിഭാഗം എംഎല്‍എമാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പങ്കെടുക്കില്ല. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും.
യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുട്ടനാട്,ചവറ മണ്ഡലങ്ങളില്‍ എം.എല്‍.എമാരില്ല. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാനാകില്ല. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം. 90 എംഎല്‍എ മാരുടെ പിന്തുണയോടെ ശ്രേയാംസ് കുമാര്‍ വിജിയിക്കുമെന്നതില്‍ തര്‍ക്കമില്ല. 42 വോട്ടുകളാണ് യു.ഡി.എഫിനുള്ളത്. പ്രതീകാത്മ മത്സരമാണ് യുഡിഎഫിന്റേതെന്ന് സ്ഥാനാര്‍ഥി ലാല്‍വര്‍ഗീസ് കല്പകവാടി തന്നെ പറഞ്ഞുകഴിഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ രാജഗോപാല്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചോദിച്ചില്ലെന്നും അതിനാല്‍ ആര്‍ക്കും ചെയ്യില്ലെന്നും പി സി ജോര്‍ജ്ജും വ്യക്തമാക്കി. അവിശ്വാസത്തില്‍ സഭയിലെ പൊതു സ്ഥിതി നോക്കി തീരുമാനമെടുക്കുമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.
മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും സി എഫ് തോമസും വോട്ട് ചെയ്യില്ല. ഇരുവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചില്ല. നേരിട്ട് സഭയില്‍ പോയി വോട്ട് ചെയ്യേണ്ടെന്നാണ് ഡോക്ടര്‍ വിഎസിന് നല്കിയ നിര്‍ദ്ദേശം. സി എഫ് തോമസ് കൊച്ചിയില്‍ ചികിത്സയിലാണ്. കൊവിഡ് പോസിറ്റീവായവര്‍ക്ക് മാത്രമേ തപാല്‍ വോട്ട് അനുവദിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്.


