മൂവാറ്റുപുഴ: അവിശ്വാസ നിഴലിൽ ആടി ഉലയുന്ന മൂവാറ്റുപുഴ നഗരസഭയിൽ ഗത്യന്തരമില്ലാതെ നേതൃമാറ്റത്തിന് തയ്യാറായി. അവിശ്വാസത്തിനായി പ്രതിപക്ഷനീക്കം ശക്തമായതോടെ എങ്ങനെയും ഭരണം നിലനിർത്താൻ മാരത്തൺ ചർച്ചകൾ തുടങ്ങി നേതാക്കൾ . ലീഗ് തർക്കങ്ങൾക്കും പരിഹാരമൊരുക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ട് ചർച്ച തുടരുകയാണ്. കൂടിയാലോചനകളില്ലെന്നതാണ് ലീഗിന്റെ പ്രധാന പരാതി.
ഒത്തുതീർപ്പിന്റെ ഭാഗമായി വൈസ് ചെയർമാൻ സിനിബിജു രാജിവക്കും. പകരം അവിശ്വാസത്തിലൂടെ പുറത്തായ ബിജെപി സ്വതന്ത്രയായി ജയിച്ചെത്തിയ രാജശ്രീ രാജുവിനെയോ മുസ്ലീംലീഗിലെ ലൈല ഹനീഫയെയോ വൈസ് ചെയർമാനാക്കും. നിലവിൽ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാത്ത രാജശ്രീ കോൺഗ്രസിലെത്തുമെന്നും സൂചനയുണ്ട്.
നഗരസഭ ഭരണം നിലനിർത്താൻ ഭരണസമിതിയിൽ മാറ്റങ്ങൾ വേണമെന്ന അംഗങ്ങളുടെ ആവശ്യം ശക്തമായതോടെ ഗത്യന്തരമില്ലാതെ നേതാക്കൾ ചർച്ചക്ക് തയ്യാറായി.
അതേസമയം ആദ്യ ഒരുവർഷത്തെ വൈസ് സ്ഥാനത്തെ ചൊല്ലിയും യുഡിഎഫിൽ തർക്കം തുടങ്ങി. മുന്നണി ധാരണ പ്രകാരം പ്രമീള ഗിരീഷ് കുമാറിനായിരുന്നു സിനി ബിജു മാറുന്ന മുറക്ക് സ്ഥാനം നൽകേണ്ടിയിരുന്നത്. മൂന്നാംപാദത്തിൽ ലൈലക്കുമായിരുന്നു. പ്രമീള പുറത്തായതോടെ ലൈലക്കാണ് അടുത്ത പരിഗണന ലഭിക്കേണ്ടത്. ഇതിനിടെയാണ് അവിശ്വാസത്തിലൂടെ പുറത്തായ രാജശ്രീക്കായി ചിലർ രംഗത്തുവന്നത്. ഇത് മുന്നണിക്കുള്ളിൽ വലിയ തർക്കത്തിന് കാരണമായി.
രാജശ്രീക്ക് അനുകൂല നിലപാടെടുക്കാൻ ലീഗിന് കഴിയില്ല. സ്വാഭാവികമായും വോട്ടിംഗിൽ അത് പ്രതിഫലിക്കും. ഇതിനൊപ്പം ലൈലക്ക് ലഭിക്കുന്ന വോട്ടിലും ഇതിന്റെ ആവർത്തനം തന്നെ ഉണ്ടാവുമെന്ന സൂചനയാണ് ഭരണപക്ഷത്തെ 2 കൗൺസിലർമാരുടെ പരസ്യ നിലപാട്. മാസങ്ങൾക്ക് മുൻപേ അവർ ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം പരിഹരിക്കാൻ മുന്നണിക്ക് കഴിഞ്ഞാൽ തന്നെ ആദ്യം പ്രഖ്യാപനത്തിനായി ആയവന മോഡലിൽ നെറുക്കെടുപ്പിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കുക മാത്രമാണ് നേതാക്കൾക്ക് ചെയ്യാൻ കഴിയുക.
ഭരണ നേതൃത്വത്തിനെതിരെ കൗൺസിലർമാർക്കിടയിലെ രൂക്ഷമായ എതിർപ്പ് നേരത്തെ മറനീക്കി പുറത്തുവന്നിരുന്നു. കൂടിയാലോചനകളില്ലാതെ നേതൃത്വ തീരുമാനങ്ങളെടുക്കുന്നു, ഒപ്പം നിൽക്കുന്ന അംഗങ്ങൾ അവഗണിക്കുന്നു, ഒപ്പം നിൽക്കുന്നവരും പ്രതിപക്ഷത്തുള്ളവരുമായ ചില അംഗങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു ഇത് സംബന്ധിച്ച് പരാതി നൽകിയ നേതാക്കൾ കാറ്റിൽ പറത്തി. ഇതിൽ ചർച്ചനടത്താനോ പ്രശ്നപരിഹാരത്തിനോ നേതാക്കളിടപെട്ടില്ല. ഇതോടെയാണ് നഗരസഭ ഭരണത്തിൽ വില്ലനായത്.
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായിരുന്ന രാജശ്രീക്കെതിരെ അവിശ്വാസം പാസാവുകയും അംഗമായിരുന്ന പ്രമീള ചെയർപേഴസനാവുകയും ചെയ്തു. ഇതോടെയാണ് നേതാക്കൾ കൂട്ടത്തോടെ മാനം കാക്കാൻ രംഗത്തിറങ്ങിയത്. അതേസമയം, സ്ഥാനം ആവശ്യപ്പെട്ട് മുൻ മണ്ഡലം പ്രസിഡന്റ് ജിനു മറ്റെയ്ക്കൽ നേതൃത്വം നൽകിയ കത്തും ചർച്ചയാവുകയാണ്. ധാരണ പ്രകാരം തന്റെ കാര്യത്തിൽ മുൻ തീരുമാനം വേണമെന്നാണ് ജിനുവിന്റെ ആവശ്യം. ഇതിനിടയിൽ കെ.കെ സുബേർനായിയുടെ സ്ഥാനം ആവശ്യപ്പെട്ടതോടെ നഗരസഭ ഭരണം യുഡിഎഫിന് തലവേദനയാവുകയാണ്.


