യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടതു എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും, പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നിയമം ഉണ്ടാക്കുന്നവര്‍ തന്നെ നിയമം ലംഘിച്ചുവെന്നും ഭരണപക്ഷത്ത് വന്ന ശേഷം അതിനെ വെള്ളപൂശുകയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് സന്തോഷ് പ്രതികരിച്ചു. രണ്ട് ലക്ഷത്തിലേറെ തുകയുടെ നഷ്ടമാണ് അന്നത്തെ അക്രമ സംഭവത്തില്‍ കണക്കാക്കിയത്. അക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.
മന്ത്രിമാരായ ഇപി ജയരാജന്, കെടി ജലീല്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. കയ്യാങ്കളിയിലും സംഘര്‍ഷത്തിലും സഭയില്‍ ഒട്ടേറെ നാശനഷ്ടമുണ്ടായി എന്ന് കോടതി അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. കേസ് അടുത്ത മാസം 15 ന് കോടതി വീണ്ടും പരിഗണിക്കും.
2015 ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


