വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജ് മുങ്ങി. ഈരാറ്റുപേട്ടയിലെ വീട്ടിലും ബന്ധുവീടുകളിലും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലിസ് പരിശോധന തുടരുകയാണ്. രാവിലെ മുതല്‍ പി.സി ജോര്‍ജിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. സ്ഥലത്തെത്തിയ പൊലിസ് ജോര്‍ജിന്റെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. സമീപപ്രദേശത്തെ ജോര്‍ജിന്റെ സഹോദരന് ചാര്‍ളിയുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.
വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പിസി ജോര്‍ജിന്റെ അപേക്ഷ തള്ളിയത്. പിസി ജോര്‍ജ് നടത്തിയത് പ്രകോപനപ്രസംഗം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും ഐക്യം തകര്‍ക്കാനും കാരണമാകുമെന്ന് വ്യക്തമാണ്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായത് പിസി ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം കോടതി പിസി ജോര്‍ജിനോട് വാദത്തിനിടെ ചോദിച്ചു. അതേസമയം അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.


