പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ ഇന്നും തുടരും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്കിയ സമയപരിധി വൈകിട്ട് 5 ന് അവസാനിക്കും. റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സമയബന്ധിതമായി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.വി അനുപമ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഉടന്‍ റവന്യു ഡപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 11 ജില്ലകളിലായി 200ലേറെ സ്ഥലങ്ങളിലാണ് ജപ്തി ആരംഭിച്ചത്.
കൊല്ലം കരുനാഗപ്പള്ളിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ കുലശേഖരപുരത്തെ 18 സെന്റും വീടും ഉപകരണങ്ങളും കണ്ടുകെട്ടി. 23 നു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം കണക്കിലെടുത്താണു നടപടി വേഗത്തിലാക്കിയത്.