കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം. അതിരപ്പിള്ളി മേഖലയിൽ ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.
കളക്ടർ സ്ഥലത്തെത്താതെ കാട്ടാന ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ട സതീഷിന്റെ മൃതദേഹം വിട്ടു നൽകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സർക്കാരോ വനം വകുപ്പോ ജാഗ്രത പാലിക്കുന്നില്ലെന്നും ആദിവാസികൾ കാട്ടിലേക്ക് പോകുന്നത് ഉപജീവനത്തിന് വേണ്ടിയാണെന്നും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകാൻ നടപടി വേണമെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
അതേസമയം, സതീഷിന്റെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയാണെന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് പറഞ്ഞു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് സതീഷിന്റെ കൂടെയുണ്ടായിരുന്ന അംബിക്ക പുഴയിൽ ചാടിയത്. എന്നാൽ ആനക്കൂട്ടം സതീഷിനെ ആക്രമിക്കുന്നത് കണ്ടുവെന്ന് ഭാര്യ രമ പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തും. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.