സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിയുക്ത മന്ത്രിമാര്‍ക്കൊപ്പം പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. സീതാറാം യെച്ചൂരി, കൊടിയേരി ബാലകൃഷണന് എന്നിവരും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്.
ക്ഷണക്കത്ത് ലഭിച്ചവര്‍ 2.45 നകം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. പ്രവേശനം സെക്രട്ടറിയേറ്റ് അനക്സ്, പ്രസ് ക്ലബ്ബ് ഗേറ്റ് വഴിയാകും. 2.50 ന് നവകേരള ഗീതാഞ്ജലി അവതരണം നടക്കും. 1957 മുതല്‍ പിണറായി വിജയന് സര്‍ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ പുരോ?ഗതി വിവരിക്കുന്ന വിഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വിഡിയോ അവതരിപ്പിക്കുന്നത്. എആര്‍ റഹ്മാന്, യോശുദാസ് മോഹന്‍ലാല്‍, ജയറാം, സുജാത എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇതില്‍ പങ്കാളിയാകും.
3.30 ന് സത്യവാചകം ഗവര്‍ണര്‍ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനില്‍ ഗവര്‍ണറുടെ ചായ സല്‍ക്കാരം നടക്കും. ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട് നടക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 24 നാണ് നടക്കുക. 25 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.


