കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസര്‍ഗോഡ് ഉജ്ജ്വല തുടക്കം. മഞ്ചേശ്വരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജാഥാ ക്യാപ്റ്റന്‍ പതാക കൈമാറി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റമാകും ജാഥയെന്ന് നേതാക്കള്‍ പറഞ്ഞു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കാസര്‍ഗോഡ് ജില്ലയില്‍ അഞ്ചിടങ്ങളിലാണ് പര്യടനം. ഓരോ കേന്ദ്രത്തിലും പതിനായിരംപേര്‍ ജാഥയെ സ്വീകരിക്കാനെത്തും. ചുവപ്പു വളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. കലാപരിപാടികളും അരങ്ങേറും. ചൊവ്വ രാവിലെ എട്ടിന് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ ജാഥാ ലീഡര്‍ എം വി ഗോവിന്ദന് പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കള്‍, വ്യവസായികള്‍, സംരംഭകര്‍, എഴുത്തുകാര്‍, കലാകാരന്മാര്, വിവിധ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഒരു മാസം കൊണ്ട് കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് തിരുവനന്തപുരത്ത് ജാഥ അവസാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലും യാത്രയുടെ ലക്ഷ്യമാവും. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന് നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടി കൂടിയാണിത്.


