എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴിയും. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് എംഎല്‍എ മര്‍ദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. അന്ന് ഒപ്പമുള്ളത് ഭാര്യയാണെന്ന് പറഞ്ഞാണ് പൊലീസുകാരെ എംഎല്‍എ മടക്കി അയച്ചത്.
ഇതേ കുറിച്ച് അന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ മൊഴി നല്കി. ബലാല്‍സംഗത്തിനും വധശ്രമത്തിനും പ്രതിയായ എല്‍ദോസ് ഇപ്പോഴും ഒളിവിലാണ്. പരാതിക്കാരിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് പരാതിക്കാരുമായി അന്വേഷണ സംഘം പെരുമ്പാവൂരില്‍ പോയി തെളിവെടുപ്പ് നടത്തിയേക്കും. എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടില്‍ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതു പ്രകാരമാണ് പെരുമ്പാവൂരിലും തെളിവെടുപ്പ് നടത്തുന്നത്.
ബലാത്സംഗക്കേസിന് പുറമേ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകളാണ് ചുമത്തിയിട്ടുള്ളത്. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകള്‍ കൂടി ചുമത്തി എല്‍ദോസിനെതിരെ ചുമത്തിയിട്ടുണ്ട്.
പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.


