
ഇടുക്കി: നാട് തളരുന്നു എംപി പറഞ്ഞ നുണകള്‍ എന്ന പേരിലുള്ള ലഘു പുസ്തകം പ്രസിദ്ദീകരിച്ച സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ കളക്ടര്‍ക്ക് മൊഴി നല്കി. നാടുണരുന്നു എന്നപേരില്‍ ജോയ്സ് ജോര്‍ജിനു വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തിന് മറുപടിയായിട്ടാണ് ഈ പുസ്തകം യുഡിഎഫ് പ്രസിദ്ധീകരിച്ചിട്ടുള്ളതന്നും ജില്ലാ കളക്ടറുടെ ഹിയറിങ്ങില്‍ യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. എല്‍ഡിഎഫ് പ്രസിദ്ധീകരണത്തില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് മാണ് എന്ന് ബോധ്യത്തിന് അടിസ്ഥാനത്തിലാണ് സത്യം ജനങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടി പ്രസിദ്ധീകരണം ഇറക്കുവാന്‍ യുഡിഎഫ് നിര്‍ബന്ധിതമായതെന്നും ഹിയറിങ്ങില്‍ നേതാക്കള്‍ പറഞ്ഞു.
വിവാദ പുസ്തകവും തെരഞ്ഞെടുപ്പ് പ്രസിദ്ധീകരണങ്ങളുമായി യാതൊരു ബന്ധവുമില്ല. യുഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി 2019 ഫെബ്രവരി 10നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എല്‍ഡിഎഫ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അവകാശപ്പെട്ട കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം .വിവരാവകാശനിയമപ്രകാരവും, പാര്‍ലമെന്റ് രേഖകളില്‍ നിന്നും ഓണ്‍ലൈനായി ശേഖരിച്ച വസ്തുനിഷ്ടമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്,ഈ ലഘുലേഖ യുഡിഎഫ് ഇറക്കിയിട്ടുള്ളത്. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജോയ്സ് ജോര്‍ജ്ജിനെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുവാനും ചെയ്തതല്ല. സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കുകയായിരുന്നു യുഡിഎഫെന്നും ലഘു പുസ്തകം വളരെ നേരത്തേ തന്നെ വിതരണം ചെയ്ത് തീര്‍ത്തിരുന്നു എന്നും നേതാക്കള്‍ പറഞ്ഞു.
ഹൈറേഞ്ച് സംരക്ഷണ സമിതി നല്കിയ പരാതിയിലും മറുപടി കൊടുത്തതായി യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഇടതുപക്ഷവും സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടത്തുന്നു എന്നു പറഞ്ഞുകൊണ്ട് 2019 മാര്‍ച്ച് 18ന് തന്നെ ഡിസിസി അംഗവും മീഡിയ കോര്‍ഡിനേറ്ററുമായ ജിനേഷ് കുഴിക്കാട്ട് നല്കിയ പരാതിയിന്മേല് യാതൊരു നടപടിയും എടുത്തില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു പോസ്റ്റിന് സംബന്ധിച്ച് അത് ഷെയര്‍ ചെയ്ത് ആളുകളെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തുന്നിഞ്ഞിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത് നിര്മ്മിച്ചവരെയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരെയോ കണ്ടുപിടിക്കുവാനു ഉള്ള നടപടികള്‍ അധികൃതര്‍ എടുത്തില്ലന്നും മറിച്ച് ഷെയര്‍ ചെയ്ത അനേകായിരം ആളുകളില്‍ നിന്നും ഒന്നോരണ്ടോ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. യുഡിഎഫ് പരാതി ജില്ലാ ഇലക്ട്രല്‍ ഓഫീസറുടെ മുമ്പില്നിലനിന്ന സമയത്തായിരുന്നു ഇതെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഹിയറിങ്ങിന് യുഡിഎഫ് ജില്ലാ കമ്മിറ്റിക്കുവേണ്ടി . എ. പി ഉസ്മാന്, ബിജോ മാണി. ജിനേഷ് കുഴിക്കാട്ട് എന്നിവര്‍ ഹാജരായി.


