ബഫര്‍ സോണ്‍ വിഷയത്തില്‍ കെസിബിസി സമരം ദൗര്‍ഭാഗ്യകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്. കെസിബിസിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്. സമരത്തില്‍ നിന്ന് പിന്മാറാന് കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ തയ്യാറാകണം. സര്‍ക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ സമരങ്ങള്‍ക്ക് മത മേലധ്യക്ഷന്മാര് കൂട്ടുനില്‍ക്കരുത്. ജോസ് കെ മാണി ഉയര്‍ത്തിയ ആവശ്യം അംഗീകരിച്ചതാണെന്നും ശശീന്ദ്രന് പറഞ്ഞു. അതേസമയം ബഫര്‍സോണ്‍ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടും. ഈ കാര്യത്തില്‍ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
ആശങ്കയുള്ളവരും പരാതിയുള്ളവരും വിദഗ്ദ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. ബഫര്‍സോണ്‍ വിഷയം സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്. കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി സുപ്രീം കോടതിയെ അറിയിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി പ്രതികരിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സാറ്റ്ലൈറ്റ് സര്‍വേയിലേക്ക് സര്‍ക്കാര്‍ കടന്നതെന്ന് മന്ത്രി വ്യക്തമാക്കി. സാറ്റലൈറ്റ് സര്‍വേയെ മാത്രം ആശ്രയിച്ചല്ല സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിദഗ്ദ സമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നും എ കെ ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഈ മാസം 23 വരെയാണ് വിദഗ്ദ സമിതിയ്ക്ക് മുന്നില്‍ പരാതി ബോധിപ്പിക്കാനുള്ള സമയം. എന്നാല്‍ ഈ സമയം നീട്ടി നല്കാന് സര്‍ക്കാര്‍ തയ്യാറാണ്. കമ്മീഷന്റെ കാലാവധി നീട്ടുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷക താല്പര്യത്തിന് അനുസരിച്ചുള്ള നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കെസിബിസി നേതൃത്വം ഇത് മനസിലാക്കണം. രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ നടത്തുന്ന ശ്രമങ്ങളോട് കൂട്ടുനില്‍ക്കരുതെന്നും മന്ത്രി കെസിബിസിയോട് അഭ്യര്‍ത്ഥിച്ചു.
കെസിബിസി നേതൃത്വം നല്കുന്ന കേരള കര്‍ഷക അതിജീവന സംയുക്ത സമിതി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്തും. ബഫര്‍ സോണില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകള്‍ കടന്നുപോകുന്നത്. താമരശ്ശേരി രൂപത അധ്യക്ഷന്‍ തന്നെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. കര്‍ഷക ജാതി മത സംഘടനകളെ അണിനിരത്തിയുള്ള ജനകീയ പ്രതിഷേധമാണ് സഭാ നേതൃത്വം ലക്ഷ്യമിടുന്നത്.