ന്യൂനപക്ഷ സ്കോളര്‍ഷിപ് സംബന്ധിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് സിപിഎം. പ്രശ്നം വഴിതിരിച്ചു വിടാന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നതായി സംശയം ഉണ്ടെന്ന് എ. വിജയരാഘവന് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം രാഷ്ട്രീയതാല്പര്യം മുന്‍ നിര്‍ത്തിയാണ്. മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്ന സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയില്ല. സര്‍ക്കാര്‍ ചര്‍ച്ച നടത്തി എടുത്ത തീരുമാനം സമൂഹം സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനത്തെച്ചൊല്ലി പ്രതിപക്ഷത്ത് ഭിന്നത ഉടലെടുത്തു. സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ മുസ്ലിംലീഗ് രംഗത്തു വന്നു. ഇതോടെ വി.ഡി. സതീശന് നിലപാട് മയപ്പെടുത്തി. സര്‍ക്കാര്‍ തീരുമാനത്തിലൂടെ മുസ്ലിം വിഭാഗത്തിന് നഷ്ടം വന്നിട്ടില്ലെന്ന ആദ്യ പ്രസ്താവനയാണ് വിവാദമായത്.
വി.ഡി.സതീശന്റെ നിലപാടിനോട് എതിര്‍പ്പുമായി മുസ്ലിം ലീഗ് രംഗത്തുവന്നു. സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്ന് കെ.പി.എ. മജീദ് പ്രതികരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫോര്‍മുല മുസ്ലിം സമുദായത്തിന് നഷ്ടം തന്നെയാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി നിലപാട് എടുത്തിട്ടില്ലെന്നും മജീദ് പറഞ്ഞു. ലീഗിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രസ്താവന വി.ഡി. സതീശന് മയപ്പെടുത്തി. ലീഗിന്റെ ആവശ്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് സതീശന് പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയിലടക്കം വിഷയം ഉന്നയിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


