പത്തനംതിട്ട: പത്തനംതിട്ടയില്‍ മികച്ച വിജയം നേടുമെന്ന് ബിജെപി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തിന്റെ വിലയിരുത്തല്‍.
ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തത് അനുകൂല ഘടകമായെന്നും തിരുവന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്. 20000 മുതല്‍ 30000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പാര്‍ട്ടി കീഴ് ഘടകങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വത്തിന്റെ നിരീക്ഷണം.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു. ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാള്‍ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. ചികിത്സയില്‍ അയതിനാല്‍ രണ്ടാം ഘട്ട അവലോകനയോഗത്തില്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പങ്കെടുത്തില്ല.
ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയില്‍ ആണെന്നാണ് ബിജെപി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്റെ ഗുണം കിട്ടുക കെ സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായര്‍ വോട്ടുകളില്‍ വലിയ ശതമാനം ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും അനുകൂലമായിട്ടുണ്ട്.


