
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം രാത്രിയോടെ ഉണ്ടാവും. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം വൈകിട്ട് 6.15 ന് ചേരും. ധാരണയായ മറ്റ് സീറ്റുകള്‍ കണ്ണൂര്‍ കെ സുധാകരന്, പാലക്കാട് വി കെ ശ്രീകണ്ഠന്, ആലത്തൂര്‍ രമ്യ ഹരിദാസ്, തൃശൂര്‍ ടി എന്‍ പ്രതാപന്, ചാലക്കുടി ബെന്നി ബെഹന്നാന് എന്നിവരാണ്.
മുന്‍ മന്ത്രിയും നിലവില്‍ നിയമസഭാ സാമാജികനുമാണ് അടൂര്‍ പ്രകാശ്. 1996, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളില്‍ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭയിലെത്തി. 2004-മുതല്‍ 2006 വരെ യു.ഡി.എഫ് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2011-2012 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ആരോഗ്യവകുപ്പ്, കയര്‍ വകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2012 മുതല്‍ 2016 വരെ റവന്യൂ-ലീഗല്‍ മെട്രോളജി വകുപ്പുകളുടെ ചുമതലയായിരുന്നു അടൂര്‍ പ്രകാശിന്. 2017-ല്‍ നിയമസഭയില്‍ യു.ഡി.എഫിന്റെ ചീഫ് വിപ്പായിരുന്നു അടൂര്‍ പ്രകാശ്. മികച്ച അഭിഭാഷകന്, ട്രേഡ് യൂണിയന് നേതാവ് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

1955 മെയ് 24ന് അടൂരില്‍ എന്‍ കുഞ്ഞിരാമന്റെയും വി.എം വിലാസിനിയുടെയും മകനായാണ് അടൂര്‍ പ്രകാശിന്റെ ജനനം. സ്റ്റുഡന്റ്സ് മൂവ്മെന്റിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്. കൊല്ലം എസ്.എന്‍ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി തുടക്കം. കെ.എസ്.യു കൊല്ലം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് (1976-77) കെ.എസ്.യു കൊല്ലം ജില്ലാകമ്മിറ്റിയംഗം (1978-79), കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് (1979-81), യൂത്ത് കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലേക്ക് ഉയര്‍ന്നു. 1981 മുതല്‍ 84 വരെ യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു (1984-88). യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി 1988-92 കാലയളവിലും പ്രവര്‍ത്തിച്ചു. 1992-ല്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ പത്തനംതിട്ടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. 1997ല്‍ കെ.പി.സി.സി ജോയിന്റ് സെക്രട്ടറിയായി സ്ഥാനമേറ്റു. 2018ല്‍ ആള് ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗത്വം ലഭിച്ചു.
1996-ല്‍ സി.പി.എമ്മിലെ പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2001ല്‍ ഇടതുപക്ഷ സ്വതന്ത്രന് കടമ്മനിട്ട രാമകൃഷ്ണനെതിരെ 14,050 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 2006ല്‍ സി.പി.എമ്മിലെ വി.ആര് ശിവരാജനെ 14895 വോട്ടിന് തോല്‍പ്പിച്ചു. 2011ല്‍ സി.പി.എമ്മിലെ എം.എസ് രാജേന്ദ്രനായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. അന്ന് 7774 വോട്ടുകള്‍ക്കാണ് അടൂര്‍ പ്രകാശ് വിജയിയായത്. ഏറ്റവുമൊടുവില്‍, 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 20748 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ ആര്. സനല്‍കുമാറിനെ തോല്‍പ്പിച്ചാണ് തുടര്‍ച്ചയായി അഞ്ചാം തവണയും നിയമസഭയിലെത്തിയത്.
ട്രേഡ് യൂണിയന് രംഗത്തും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കേരളാ പ്രൈവറ്റ് കോളേജ് എംപ്ലോയിസ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ്, കേരളാ സ്റ്റേറ്റ് എംപ്ലോയിസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, പമ്പ റബ്ബര്‍ എംപ്ലോയിസ് അസോസിയേഷന് പ്രസിഡന്റ്, ട്രാക്കോ കേബിള്‍ എംപ്ലോയിസ് അസോസിയേഷന് പ്രസിഡന്റ്, ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയിസ് കോണ്‍ഗ്രസ് പ്രസിഡന്റ്, അടുര്‍ താലൂക്ക് ടാക്സി ആന്റ് മിനി വെഹിക്കിള്‍ ഡ്രൈവേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അടുര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, പിന്നോക്ക വിഭാഗ കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും അടൂര്‍ പ്രകാശ് തിളങ്ങി. ഭാര്യ: ജയശ്രീ. മൂന്നു മക്കളുണ്ട്.


