ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 12 മുന്‍ ഭരണ സമിതി അംഗങ്ങളില്‍ ഇനി പിടികൂടാനുള്ളത് 2 പേരെയാണ്. ഇതില്‍ ഒരാളാണ് അമ്പിളി മഹേഷ്. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെയാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര് ബിന്ദു അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്.
ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബര്‍ 24 നായിരുന്നു വിവാഹ ചടങ്ങ്. വരന്റെ വീട്ടുകാര്‍ നടത്തിയ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വധൂവരന്മാര്ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായി. തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസും ബിജെപിയും തുടക്കത്തിലേ ആരോപണം ഉന്നയിച്ചിരുന്നു.
തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയില്‍ ആര് ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിര് പാര്‍ട്ടികള്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.


