തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഈ മാസം 20ന് അധികാരമേല്‍ക്കാനിരിക്കെ സിപിഎം മന്ത്രിമാര്‍ ആരൊക്കെയാണെന്ന ചര്‍ച്ച സജീവമാകുകയാണ്. പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാധാന്യം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം പ്രധാന ചോദ്യമായി ഉയരുന്നത് നിലവിലെ ആരോഗ്യമന്ത്രി കെകെ ഷൈലജ മന്ത്രിസഭയില്‍ തുടരുമോ എന്നാണ്. മുഖ്യമന്ത്രി ഒഴികെ ബാക്കിയെല്ലാവരും പുതിയ ടീം വേണമെന്ന ചില ചര്‍ച്ചകളും സജീവമായുണ്ട്.
കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മികവു കൊണ്ട് ഏറ്റവുമധികം ജനപ്രീതി നേടുകയും മട്ടന്നൂരില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ മന്ത്രിയുമാണ് കെകെ ഷൈലജ. രണ്ടം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ രണ്ടാമന് എന്ന പദവിയില്‍ കെകെ ഷൈലജയെ ആക്കണമെന്നാണ് പൊതു സമൂഹം ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഉപമുഖ്യമന്ത്രി പദവിയെങ്കിലും ഷൈലജക്ക് നല്‍കണമെന്ന ആവശ്യം ശക്തമാണ്.
ഈ നിര്‍ദേശത്തിന് സിപിഎം പച്ചക്കൊടി കാട്ടിയാല്‍ കെകെ ഷൈലജയാകും കേരള ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി. ആരോഗ്യ വകുപ്പിന്റെ ചുമതലയോടെ ഷൈലജയെ ഉപമുഖ്യമന്ത്രിയാക്കാന്‍ സിപിഎം തയ്യാറായാല്‍ അതു ചരിത്രമാകും. ഒപ്പം അടുത്ത മുഖ്യമന്ത്രിയായി ഒരു വനിതയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇടതു മുന്നണിക്ക് കഴിയും.
ഇടതു മുന്നണിയെ സംബന്ധിച്ചെടത്തോളം അതൊരു നിര്‍ണായക നീക്കവുമാകും. കേരളത്തില്‍ 2026ലും തുടര്‍ഭരണ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഏറ്റവും മികച്ച നീക്കമാകും ഷൈലജയെ മുന്‍ നിരയില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍.
അതേസമയം ഇതിനു സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ ഉന്നത നേതാക്കള്‍ തയ്യാറാകുമോയെന്നാണ് പ്രധാന ചോദ്യം. ഷൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കി പുതിയൊരു ടീമിനെ വേണം മന്ത്രിസഭയിലേക്ക് പരിഗണിക്കാനെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗങ്ങളിലും സെക്രട്ടറിയേറ്റിലും രണ്ടു സാധ്യതകളും പരിശോധിക്കും.


