പതിനാല് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ വെട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഓര്‍ഡിനന്‍സ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലേക്ക് അയച്ചു.
വിവാദ ഓര്‍ഡിനന്‍സ് ഒടുവില്‍ ഗവര്‍ണറുടെ കോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നുമുള്ള നിലപാട് ഇതിനകം ഗവര്‍ണര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ – അതാണ് സര്‍ക്കാര്‍ തീരുമാനം.
ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് കൈമാറില്ല. പകരം അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു. ഇനി നവംബര്‍ 20 നാണ് കേരളത്തിലേക്ക് തിരിച്ചെത്തുക. വിഷയത്തില്‍ അദ്ദേഹം നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഓര്‍ഡിനന്‍സ് രാഷ്ട്രപതിഭവനിലേക്ക് അയക്കുകയെന്നാണ് വിവരം. ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പൂഞ്ചി കമ്മീഷന് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. സര്‍വകലാശാലകളുടെ അധികാരത്തിന്മേല് ഗവര്‍ണര്‍ അനാവശ്യമായി കടന്നു കയറുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപവും സര്‍ക്കാറിനുണ്ട്. ഇത് തടയിടാനാണ് തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചത്.


