രാജസ്ഥാനിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് ചേക്കേറാന്‍ സാധ്യത. രാജ്യസഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കുന്ന വേളയിലാണ് ഇത്തരം നീക്കത്തിലേയ്ക്ക് എംഎല്‍എമാര്‍ കടക്കുന്നത്. തന്റ പാര്‍ട്ടിയിലെ എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്.
ഓരോ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തുവെന്നാണ് അശോക് ഗെഹ്ലോട്ട് വെളിപ്പെടുത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന് മധ്യപ്രദേശില്‍ സര്‍ക്കാരിനെ തകിടം മറിച്ചത് രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.
245 അംഗ രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗബലം വെറും 91 മാത്രം. അംഗബലം നൂറിലധികമാക്കാനാണ് ശ്രമം. ഇതിനായാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ചാക്കിലാക്കുന്നത്. ഗുജറാത്തില്‍നിന്ന് രണ്ടും മധ്യപ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരെയും ജയിപ്പിക്കാനുള്ള അംഗബലമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബിജെപിക്ക് നിയമസഭകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഗുജറാത്തില്‍നിന്ന് മൂന്നും മറ്റിടങ്ങളില്‍നിന്ന് രണ്ടുവീതവും പേരെ ജയിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി ലക്ഷ്യത്തിലേക്ക് എത്തി. ഇവിടേയും സമാന സ്ഥിതി തുടരാനാണ് സാധ്യത കൂടുതല്‍.


