ന്യൂഡൽഹി: ഇന്ത്യയിൽ അതിവേഗം തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) യുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിന് കേന്ദ്രം പൂട്ടിട്ടത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍.19 മില്യൻ ഫോളോവേഴ്സ് പിന്നിട്ട സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനും വിലക്ക് വീണേക്കും.
‘കോക്രോച്ചസ് ബാക്ക്’ എന്ന പേരിൽ ആരംഭിച്ച പുതിയ എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തിലധികം പിന്നിട്ടു കഴിഞ്ഞു. സിജെപിയുടെ നിലപാടുകളും സോഷ്യൽ മീഡിയ വഴിയുള്ള ആഹ്വാനങ്ങളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം എക്സ് അക്കൗണ്ട് വിലക്കിയത്.
രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന മുൻ അക്കൗണ്ടാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം പൂട്ടിച്ചത്. എക്സിൽ വിലക്ക് നേരിട്ടെങ്കിലും സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇതിനോടകം തന്നെ 19 മില്യൺ ഫോളോവേഴ്സ് പിന്നിട്ട് കുതിക്കുകയാണ്.
ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെപ്പോലും ബഹുദൂരം പിന്നിലാക്കിയാണ് സിജെപിയുടെ ഈ കുതിപ്പ്. എന്നാൽ, എക്സിന് പിന്നാലെ സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും കേന്ദ്ര സർക്കാർ ഉടൻ വിലക്കേർപ്പെടുത്തിയേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ സിജെപിയുടെ നീക്കങ്ങളെ കേന്ദ്ര സർക്കാർ കർശനമായി നിരീക്ഷിച്ചുവരികയാണ്.


