കോഴിക്കോട്: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ മിഡ്പോയിന്റ് വിശേഷാല്‍ പതിപ്പില്‍ നിന്നും മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലികുട്ടി പുറത്ത്. മുസ്ലിം രാഷ്ട്രീയത്തിന്റെ എഴുപത്തഞ്ച് വര്‍ഷങ്ങള്‍ എന്ന പേരില്‍ ലീഗ് നേതാക്കളും ചിന്തകരും അക്കാദമിക് രംഗത്തുള്ളവരുമാണ് ഇതില്‍ എഴുതിയിരിക്കുന്നത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെഎം ഷാജി, ഷിബു മീരാന്‍, അഡ്വ നൂര്‍ബിന റഷീദ്, ശ്യാം സുന്ദര്‍, പികെ നവാസ് എന്നീ ലീഗ് നേതാക്കളുടെ ലേഖനങ്ങള്‍ പതിപ്പിലുണ്ട്. എജി നൂറാനി, എംസി വടകര, സണ്ണി എം കപിക്കാട്, ഡോ. ഫസല്‍ ഗഫൂര്‍, പിഎ റഷീദ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ തന്‍വീര്‍, ഷരീഫ് സാഗര്‍, ഡോ. അഷ്റഫ് വാളൂര്‍, ഡോ. സൈനുല്‍ ആബിദ്, സികെ നജാഫ്, ഹിലാല്‍ അഹമ്മദ്, ആയിഷ ബാനു, അഡ്വ കെ തഹാനി എന്നിവരാണ് ലേഖനങ്ങളെഴുതിയിരിക്കുന്നത്.
ഇത്രയധികം നേതാക്കളെയും അക്കാദമീഷ്യന്മാരെയും പതിപ്പില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടിയെ ഉള്‍പ്പെടുത്താത്തത് നിഷ്കളങ്കമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 1990ന് ശേഷം പുറത്തിറങ്ങിയ എല്ലാ വിശേഷാല്‍ പതിപ്പുകളിലും എല്ലാപരിപാടികളിലും കുഞ്ഞാലിക്കുട്ടി നിറസാന്നിദ്ധ്യമായിരുന്നു. ഇവിടെ ഒഴിവാക്കല്‍ പാര്‍ട്ടിക്കള്ളില്‍ രൂപപെട്ട പുതിയ അച്ചുതണ്ടിന്റെ ഇടപെടലിലാണന്ന് വ്യക്തം.
സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാവുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് മിഡ്പോയിന്റിലെ കുഞ്ഞാലിക്കുട്ടിയുടെ അഭാവം ചര്‍ച്ചയാവുന്നത്. കുഞ്ഞാലിക്കുട്ടി വിരുദ്ധമായ ചേരി ലീഗില്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം കുഞ്ഞാലികുട്ടിയെ ഒഴിവാക്കിയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധങ്ങളും ലീഗില്‍ ഉയരുന്നുണ്ട്.