മൂവാറ്റുപുഴ :സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര കാര്‍ഷിക നഗരമായ മൂവാറ്റുപുഴയില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും വിവിധ തുറയിലുള്ളവരും വന്‍ വരവേല്പ് നല്കി. ഭൗമസൂചിക അംഗീകാരമുള്ള വാഴക്കുളം പൈനാപ്പിള്‍ വളരുന്ന നാടായ, ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റുള്ള മൂവാറ്റുപുഴയുടെ മണ്ണില്‍ ജാഥയെ സ്വീകരിയ്ക്കാന്‍ ആയിരങ്ങളെത്തി. നാടിന്റെ വികസനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ മറ്റ് പാര്‍ട്ടികളെ ഉപേക്ഷിച്ച് സിപി എം ല്‍ എത്തിയവരും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.
മൂന്ന് പുഴകള്‍ ചേരുന്ന ത്രിവേണി സംഗമ ഭൂമിയില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് പ്രൗഡോജ്വല സ്വീകരണമാണ് ജാഥയ്ക്ക് ഒരുക്കിയത്. പെരുമ്പാവൂരില്‍ നിന്ന് എത്തിയ ജാഥയെ എംസി റോഡില്‍ മണ്ഡലം അതിര്‍ത്തിയായ തൃക്കളത്തൂര്‍ സൊസൈറ്റിപടിയില്‍ നേതാക്കള്‍ സ്വീകരിച്ചു. വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗത്തിന്റേയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടേയും അകമ്പടിയോടെ മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് ആനയിച്ചു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്ത് ചുവപ്പ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.
സ്വീകരണ കേന്ദ്രമായ ടൗണ്‍ ഹാള്‍ ഗ്രൗണ്ടിലേയ്ക്ക് ആനയിച്ചു. ബാന്‍ഡ്സെറ്റ്, പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, നാസിക് ഡോള്‍ തുടങ്ങിയ വാദ്യമേളങ്ങളും കാവടിയാട്ടം, കരകാട്ടം, തെയ്യം, തിറ, ഗരുഡന് തൂക്കം, കാളകളി തുടങ്ങി നിരവധി കലാരൂപങ്ങളും അണിനിരന്നു. സ്വീകരണ സമ്മേളനത്തില്‍ സിപി എം ജില്ല കമ്മിറ്റി അംഗം പി എം ഇസ്മയില്‍ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്ററ്റന് എം വി ഗോവിന്ദന് ,ജാഥാംഗങ്ങളായ ജെയ്ക് സി തോമസ്, കെ ടി ജലീല്‍, എന്നിവര്‍ സംസാരിച്ചു. സിപി എം ജില്ല സെക്രട്ടറി സി എന്‍ സംസ്ഥാന കമ്മിറ്റി അംഗം എസ് ശര്‍മ്മ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആര് മുരളീധരന്, എം സി സുരേന്ദ്രന്, ജോണ്‍ ഫെര്‍ണാണ്ടസ്, സി ബി ദേവദര്‍ശന്‍ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍, ജില്ല അസിസ്റ്റന്റ് സെക്രട്ടറി എല്‍ദോ എബ്രഹാം, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍,എന്‍സിപി നിയോോജക മണ്ഡലം പ്രസിഡന്റ് വിന്‍സന്റ് നെടുങ്കല്ലേല്‍, എസ് എന്‍ഡിപി മൂവാറ്റുപുഴ യൂണിയന് പ്രസിഡന്റ് വി കെ നാരായണന്, സെക്രട്ടറി അഡ്വ.എ കെ അനില്‍കുമാര്‍, ഡോ.പോള്‍ കല്ലുങ്കല്‍, ഫാ.പോള്‍ തോമസ് പീച്ചിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷന്, ഇഇസി മാര്‍ക്കറ്റ് റോഡ്, എവറസ്റ്റ് ജംഗ്ഷന്, കാവുംപടി റോഡ്, കച്ചേരിതാഴം, എസ്എന്‍ഡിപി ജംഗ്ഷന്, ടിബി റോഡ്, എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ റാലികളായി പ്രവര്‍ത്തകര്‍ സ്വീകരണ കേന്ദ്രത്തിലേയ്ക്കെത്തി സാന്ദ്സെറ്റ്, പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, നാസിക് ഡോള്‍ തുടങ്ങിയ വാദ്യമേളങ്ങളും, കാവടിയാട്ടം, കരകയാട്ടം, തെയ്യം, തിറ, ഗരുഡന് തൂക്കം, കാളകളി തുടങ്ങി നിരവധി കലാരൂപങ്ങളും അണിനിരന്നു സ്വീകരണ വേദിയില്‍ തൃക്കളത്തൂര്‍ പ്രവ്ദയുടെ നാടന്‍പാട്ട് കലാകാരന്മാര് നാട്ടുപാട്ടുകളും, നാടോടി കലാരൂപങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളുമുണ്ടായി.


