മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിക്കുന്നതായി പരാതി. നാലാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ ബാബു, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സമദ് എന്നിവരുടെ പേരിലാണ് സാനിറ്റൈസര്‍ വിതരണം ചെയ്തത്. ഏലംകുളം പഞ്ചായത്തിലാണ് സംഭവം.
വോട്ട് അഭ്യര്‍ത്ഥന ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോട്ടിലുകളാണ് വിതരണം ചെയ്തത്. അതേസമയം തന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച് സാനിറ്റൈസര്‍ വിതരണം നടത്തിയെന്നാണ് സ്ഥാനാര്‍ത്ഥിയായ സുധീര്‍ ബാബുവിന്റെ വിശദീകരണം. സംഭവവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പഞ്ചായത്തില്‍ പരാജയം പ്രതീക്ഷിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തനവും ജനകീയ അംഗീകാരവും നശിപ്പിക്കാനായി കുപ്രചരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ കുപ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കുമെന്നും സുധീര്‍ ബാബു പറഞ്ഞു.
അതേസമയം സംഭവത്തില്‍ തെരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോപിച്ച് യൂത്ത് ലീഗ് പരാതി നല്കി. അയോഗ്യതയടക്കമുള്ള നടപടി എടുക്കണമെന്നും പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.