മൂവാറ്റുപുഴ: മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എക്സാ ലോജിക് കേസില്‍ മാത്യു കുഴല്നാടന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി, കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിനേ തുടര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാത്യു കുഴല്‍നാടന്റെ വേഷമണിഞ്ഞും വഴിയരികിലെ യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും കുഴലപ്പം വിതരണം ചെയ്തും ചെണ്ട കൊട്ടിയും കോലംതോളിലേന്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്.
സിപിഎം ഏരിയ കമ്മിറ്റി ഓഫീസായ എസ്തോസ് ഭവന് മുന്നില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് എംഎല്‍എ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സോമന്, കെ പി രാമചന്ദ്രന്, കെ.ജി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മാത്യു കുഴല്‍നാടന്റെ കോലം കത്തിച്ചു.