കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീതാപുര്‍ സന്ദര്‍ശിക്കാന്‍ അനുമതി. പ്രിയങ്കയ്ക്കും അനുമതി നല്‍കാനാണ് തീരുമാനം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും. ലഖിംപൂര്‍ സംഘര്‍ഷം സംബന്ധിച്ച് യോഗി ആദിത്യനാഥില്‍ നിന്ന് പ്രധാനമന്ത്രി വിശദാംശങ്ങള്‍ തേടി. അജയ് മിശ്ര അമിത് ഷായെ കണ്ടു.
യുപി സര്‍ക്കാരിന്റ എതിര്‍പ്പുകള്‍ മറികടന്നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് രാഹുല്‍ പുറപ്പെട്ടത്. ആദ്യം അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. ലക്നൗവിലെത്തുന്ന രാഹുല്‍ ഗാന്ധിയെ തടയില്ല. മൂന്നുപേരെ കൂടി രാഹുലിനൊപ്പം പോകാന്‍ അനുവദിച്ചേക്കും.
രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി എന്നിവര്‍ക്കുമാണ്് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്. എന്നാല്‍ ലഖിംപൂരും സീതാപൂരും സന്ദര്‍ശിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തി.
ശക്തമായ നടപടിയുമായി പ്രതിപക്ഷം മുന്നോട്ടു നീങ്ങുമെന്ന സാഹചര്യം വന്നതോടെ ഉത്തര്‍പ്രദേശ് പൊലീസ് അയയുകയായിരുന്നു. കൂടുതല്‍ ആളുകളെ കൂട്ടരുത്, സമാധാനപരമായ രീതിയിലായിരിക്കണം സന്ദര്‍ശനം തുടങ്ങിയ വ്യവസ്ഥകളുണ്ട്. അതേസമയം, കരുതല്‍ തടങ്കലിലുള്ള പ്രിയങ്കാ ഗാന്ധിയെ ഉടന്‍ മോചിപ്പിക്കുമെന്നാണ് വിവരം.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. കര്‍ഷകരെ കൊന്നിട്ടും നടപടിയില്ലെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ തുടരുന്നു. പ്രധാനമന്ത്രി ഇന്നലെ ലക്നൗവിലെത്തിയിട്ടും ലഖിംപുര്‍ ഖേരി സന്ദര്‍ശിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.