കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന അപാകത പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിനായി അത് ഉപയോഗിക്കലല്ല വേണ്ടതെന്നും മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നൂറുകണക്കിന് പാലങ്ങള്‍ നിര്‍മാണം ആരംഭിച്ച് സംസ്ഥാനത്തുടനീളം ഉദ്ഘാടനം ചെയ്യുകയുണ്ടായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന ഭൂരിപക്ഷം പാലങ്ങളും റോഡുകളും കെട്ടിടങ്ങളും മുന്‍സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ചതാണ്.
പാലാരിവട്ടം പാലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്തതാണ്. എസ്റ്റിമേറ്റ് തുകയേകാള് വളരെ കുറച്ച് എടുത്ത വര്‍ക്ക് ചിലവ് ചുരുക്കി പണിതത് കൊണ്ടാണ് കുഴപ്പത്തിന് കാരണമെന്ന് ബന്ധപ്പെട്ട മന്ത്രി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. സാങ്കേതിക തകരാറിന് മന്ത്രിമാരെ കുറ്റപ്പെടുത്താന്‍ തുടങ്ങിയാല്‍ ഒരു മുന്നണിയിലേയും ഒരു മന്ത്രിക്കും ഭരിക്കാന്‍ സാധിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്യുന്നവര്‍ മനസിലാക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയുടെ ജാള്യത മറക്കാനും എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന
ഉപതെരഞ്ഞെടുപ്പ് ലാക്കാക്കിയും നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ സമരം വിലപ്പോവില്ലെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദിന്റെ അധ്യക്ഷതയില്‍ എറണാകുളം ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്റഹ്മാന് രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് പാര്‍ട്ടി നടത്തുന്ന മുന്നൊരുക്കത്തിന്റെ ഭാഗമായി ജൂലൈ 15ന് ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ വാര്‍ഡുകളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമം നടത്താന്‍ തീരുമാനിച്ചു. എന്‍ കെ നാസര്‍, എന്‍ വി സി അഹമ്മദ്, പി എം അമീറലി, ടി എം അബ്ബാസ്, ഉസ്മാന് തോലക്കര, കെ എം ഇബ്രാഹിം, ടി കെ അഷ്റഫ്, വി എസ് അബ്ദുല്ഹ്മാന്, എം പി അഷ്റഫ് മൂപ്പന്, ഹംസ പറക്കാട്ട്, ഇ എം അബ്ദുല്‍ സലാം, കരീം പാടത്തിക്കര, വി കെ അബ്ദുല്‍ അസീസ്, എച്ച് അബ്ദുല്‍ ജബ്ബാര്‍, എം കെ എ ലത്തീഫ്, പി എ താഹിര്‍, പി എ ബഷീര്‍, എം എം സീതി, എ എം ബഷീര്‍, പി കെ അബ്ദുല്‍ റസാഖ്, വി എ ബഷീര്‍, ജലീല്‍ ആര്‍ട്ട്മാന്‍, കെ ഐ നിസാര്‍, ടി കെ ഇസ്മായില്‍, കെ എ അബ്ദുല്‍ കരീം, കെ കെ ഇസ്ഹാഖ്, കെ എം അബ്ദുല്‍ കരീം, അനസ് ആമ്പല്ലൂര്‍, എം കെ അലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.