ഉഡുപ്പി: ബജ്റംഗ് ദള്‍ നിരോധിക്കുക എന്ന നിര്‍ദേശം കോണ്‍ഗ്രസിന് മുമ്പാകെയില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പ മൊയ്ലി. ഒരു സംഘടനയെ നിരോധിക്കുക എന്നത് ഒരു സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ല. വിഷയത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ബജ്റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.
പിഎഫ്ഐ, ബജ്റംഗ് ദള്‍ എന്നിവയെ നിരോധിക്കുമെന്ന് ഞങ്ങളുടെ പ്രകടനപത്രികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംഘടനയെ നിരോധിക്കുക എന്നത് ഒരു സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലവിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി പോലും വിധിച്ചിട്ടുണ്ട്. ബജ്റംഗ് ദളിനെ നിരോധിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസിനില്ല,’ മൊയ്ലി പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ വെറുപ്പ് പടര്‍ത്തുന്ന സംഘടനകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. നിയമ സംവിധാനങ്ങളെ ലംഘിക്കാന്‍ വ്യക്തികളെയോ, ശതുത്രയും വെറുപ്പും പടര്‍ത്തുന്ന സംഘടനകളായ ബജ്റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലെയുള്ളവരെയോ സമ്മതിക്കില്ല, അത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണെങ്കിലും’, എന്നായിരുന്നു കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞത്. അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുളളത്. ഈ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.