തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ ആരോപണങ്ങളില്‍ ഒരുവാക്കുപോലും ഉരിയാടാതെ മൗനം തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി വിഷയം പരാമര്‍ശിച്ചില്ല.
പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊള്ള മുഖ്യമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് മൗനം എന്നാണ് പ്രതിപക്ഷ ആരോപണം. ക്യാമറ കരാറില്‍ മുഖ്യമന്ത്രി സംശയ നിഴലിലാകുന്ന ആരോപണം ഉയര്‍ന്നിട്ടും സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മൗനം തുടരുകയാണ്.
അതേസമയം നിയമപരമായ നിലനില്‍പ്പില്ലാത്ത ആരോപണം ഏറ്റുപിടിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും, പാര്‍ട്ടിയും. മുന്‍സര്‍ക്കാരിന്റെ കാലത്തെ ഇടപാടുകള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യാക്രമണവും ഭരണപക്ഷം ആലോചിക്കുന്നു. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെല്ലാം വികസന വിരുദ്ധ നടപടികളെന്ന് അക്കമിട്ട് നിരത്താനാണ് ഇടത് നീക്കം.
പ്രസാഡിയോയുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവായ, പ്രകാശ് ബാബു സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളാണ് കഴിഞ്ഞദിവസം പ്രതിപക്ഷം പുറത്ത് വിട്ടത്. മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കൊള്ളയാണിതെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു പറയുന്നു. കരാറിലെ സുതാര്യതയില്ലായ്മയും ഇടപാടിലെ ക്രമവിരുദ്ധതയും പുറത്ത് വന്ന രേഖകളുടെ ബലത്തില്‍ പൊതുജനത്തിന് ബോധ്യപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. രമേശ് ചെന്നിത്തലയും വിഡി സതീശനും പരസ്പരം മത്സരിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ പ്രത്യക്ഷ സമരങ്ങളിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.


