തിരുവനന്തപുരം : എന്‍സിപിയില്‍ അഴിച്ചുപണിയ്ക്ക് സാധ്യതയെന്നു റിപ്പോര്‍ട്ട്. എകെ ശശീന്ദ്രനെ നീക്കി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന, ഇതിനുള്ള നീക്കങ്ങള്‍ കേരള എന്‍സിപിയില്‍ സജീവമായെന്നാണ് റിപ്പോര്‍ട്ട്. മാണി സി കാപ്പന് അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കിയതോടെ മന്ത്രി എകെ ശശീന്ദ്രന് മുബൈയിലെത്തി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് മാണി സി കാപ്പന് മന്ത്രി സഭയിലെത്തുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് വീണ്ടും നീക്കങ്ങള്‍ ആരംഭിച്ചത്. എകെ ശശീന്ദ്രന് പകരം മാണി സി കാപ്പന് മന്ത്രിസഭയിലെത്തണമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്ന എന്‍സിപി പക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആഴ്ച മാണി സി കാപ്പന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും എന്നു വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയിലേക്ക് എത്താനുള്ള നീക്കങ്ങള്‍ മാണി സി കാപ്പന് ശക്തമാക്കിയതോടെയാണ് എകെ ശശീന്ദ്രന് മുംബൈയിലെത്തി ശരത് പവാറിനെ കണ്ടത്. എന്നാല്‍ മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് ശരത് പവാറിനെ കണ്ടതെന്നാണ് എകെ ശശീന്ദ്രന് പ്രതികരിച്ചത്.


