തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നാലാം ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലെനിന് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് സിപിഐഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമ പ്രവര്‍ത്തകരോട് ഒന്നാം നിലയില്‍ നില്‍ക്കേണ്ട താഴെ നിന്നാല്‍ മതിയെന്ന് ദിനേശ് മണി ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥി ജോ ജോസഫ് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് ലെനിന് സെന്ററില്‍ നിന്ന് പുറത്തു പോയതിന് പിന്നാലെ ദിനേശ് മണി മാധ്യമപ്രവര്‍ത്തകരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് ജോ ജോസഫ് സെന്ററില്‍ നിന്ന് പുറത്തേക്ക് പോകവെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്നാണ് സിപിഐഎം വിലയിരുത്തല്‍. ജനവിധി അംഗീകരിക്കുന്നെന്നും പ്രചാരണത്തില്‍ വീഴ്ച്ചയുണ്ടായില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് പ്രതികരിച്ചു. ഉമാ തോമസിനോടുള്ള വ്യക്തിപരമായ താല്പര്യം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു.
ഇങ്ങനെയൊരു ഫലം ഒരു കാരണവശാലും പ്രതീക്ഷിച്ചില്ല. തോല്‍വി അവിശ്വസനീയമാണെന്നും സിഎന്‍ മോഹനന് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും വന്നത് പാര്‍ട്ടി ആവശ്യപ്പെട്ടതിനാലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.