ഐടി മന്ത്രി രവിശങ്കർ പ്രസാദിൻ്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടിയിൽ ട്വിറ്ററിനോട് വിശദീകരണം തേടി ഐടി പാർലമെന്ററി കാര്യസമിതി. രണ്ടു ദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ നേരിൽ ഹാജരാകാൻ സമൻസ് നൽകാനാണ് ഐടി പാർലമെന്ററി കാര്യസമിതി തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തെ നിയമങ്ങളും ഐടി ഭേദഗതി നിയമവും പാലിക്കണമെന്ന് ഫേസ്ബുക്ക്, ഗൂഗിൾ പ്രതിനിധികളോട് ഐടി പാർലമെന്ററി സമിതി ആവശ്യപ്പെട്ടു വരും ദിവസങ്ങളിൽ മാറ്റ് സമൂഹമാധ്യമങ്ങളോടും ഈ കാര്യം ചർച്ച നടത്തും. സുരക്ഷയിലും സ്വകാര്യതയിലും നിലനിൽക്കുന്ന പഴുതുകൾ അടയ്ക്കണമെന്നും സമിതി നിർദേശിച്ചു.
അതേസമയം, ഇന്ത്യയുടെ ഭൂപടം വികലമാക്കി പ്രസിദ്ധീകരിച്ച നടപടിയിൽ ട്വിറ്ററിനെതിരെ ശക്തമായി നീങ്ങാനാണ് കേന്ദ്രതീരുമാനം. രാജ്യവിരുദ്ധമായി ട്വിറ്റർ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിനുശേഷമാകും നടപടി. വിഷയത്തിൽ ട്വിറ്ററിനെതിരെ ഉത്തർപ്രദേശിലും മധ്യപ്രദേശിലും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ നഗ്നത പ്രചരിപ്പിക്കുന്നതിനെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ്റെ പരാതിയിൽ ഡൽഹി പൊലീസും ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


