ആലുവ: കാണാതായ അഞ്ച് വയസുകാരി ചാന്ദ്നിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക്ക് കുറ്റം സമ്മതിച്ചു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി മൊഴി നല്‍കിയത് അന്വേഷണത്തിന്റെ വഴി തെറ്റിക്കാനാണെന്നും പ്രതിയെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍ പറഞ്ഞു.
‘മൃതദേഹം കാണിച്ച് തന്നതും പ്രതി തന്നെയാണ്. സംഭവ സമയത്ത് പ്രതി മദ്യലഹരിയാലിരുന്നു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാതെ ഒന്നും പറയാന്‍ സാധിക്കില്ല. കൃത്യം നടത്തിയത് അസ്ഫാക്ക് തന്നെയാണ്’ എസ്.പി പറഞ്ഞു. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ വളയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പ്രദേശവാസികളുടെ രോഷം മൂലം ആദ്യഘട്ടത്തില്‍ തെളിവെടുപ്പ് നടത്താനായില്ല. തുടര്‍ന്ന് പോലീസ് സംഘം പ്രതിയുമായി തിരിച്ച് മടങ്ങുകയായിരുന്നു.
ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകള്‍ ചാന്ദ്നിയെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രതിയായ അഫ്സാക്ക് തട്ടിക്കൊണ്ട് പോയത്. ജ്യൂസ് നല്‍കിയാണ് ഇയാള്‍ കുഞ്ഞിനെ തട്ടികൊണ്ട് പോയത്. കുഞ്ഞുമായി ഇയാള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരും വെങ്ങനാരൂരിലുമായി വിവിധ സ്ഥലങ്ങളില്‍ കുഞ്ഞിനായി തിരച്ചില്‍ നടത്തിയിരുന്നു. 21 മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒടുവില്‍ മൃതദേഹം കണ്ടെത്തിയതോടെ വിഫലമാകുകയായിരുന്നു


