ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂർ ഡിവൈഎസ്പി , മാവേലിക്കര എസ്എച്ച്ഒ എന്നിവരും ക്രൈംബ്രാഞ്ച് സംഘത്തിൽ ഉണ്ടാകും. സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ആണ് കഴിഞ്ഞ മാസം 14 ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ ആയ ഡോ.രാഹുൽ മാത്യുവിനെ മർദിച്ചത്.സംഭവത്തിൽ മർദിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഒളിവിലാണ്.
അതേസമയം, ഡോ.രാഹുൽ മാത്യുവിനെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സമരം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ സി യു, കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമില്ല. മെഡിക്കല്‍ കോേളജുകളുടെ പ്രവര്‍ത്തനം തടസപ്പെടില്ല.


