തൃശൂര്‍: യുവാവ് തൂങ്ങി മരിച്ചതറിഞ്ഞ മനോവിഷമത്തില്‍ പിതാവും അതേമരത്തില്‍ തന്നെ തൂങ്ങിമരിച്ചു. കുന്നംകുളം എയ്യാല്‍ ആദൂര്‍ റോഡില്‍ ജാഫര്‍ ക്ലബിന് സമീപമാണ് സംഭവം. കിഴക്കൂട്ട് രാമു എന്ന് വിളിക്കുന്ന ദാമോദരന്‍ (53), മകന് ശരത് (27) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ആയിട്ടും ശരത് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് സഹോദരന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്ത് പാടത്തിനോടു ചേര്‍ന്ന മരത്തില്‍ ശരത് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടനെ വീട്ടില്‍ എത്തി പിതാവിനെ വിവരമറിയിച്ചു. തുടർന്ന് ശരത്തിൻ്റെ മൃതദേഹം താഴെയിറക്കുന്നതിനായി മരത്തില്‍ കയറിയ ദാമോദരന്‍ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തില്‍ കെട്ടി കഴുത്തില്‍ കുരുക്കി താഴേക്ക് ചാടുകയായിരുന്നു.
ഒന്നും ചെയ്യാനാവാതെ രണ്ടു മരണം കണ്ട നടുക്കത്തിലായിരുന്നു ദാമോദരന്റെ രണ്ടാമത്തെ മകന് സജിത്ത്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇന്നു രാവിലെയാണ് മൃതദേഹങ്ങള്‍ താഴെയിറക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ് ദാമോദരന്‍. ശരത് ടിപ്പര്‍ ലോറി ഡ്രൈവറാണ്. തുടര്‍ച്ചയായി പണി ഇല്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു ശരത് എന്ന് ബന്ധുക്കൾ പറയുന്നു. മാതാവ്: സജിനി.


