മംഗലപുരം പോലീസ് സ്റ്റേഷനില്‍ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെ എല്ലാവരേയും സ്ഥലം മാറ്റി. 32 ഉദ്യോഗസ്ഥരില്‍ 31 പേര്‍ക്കുമാണ് സ്ഥലം മാറ്റം. ഗുണ്ടാ- മണ്ണുമാഫിയാ ബന്ധത്തെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷന് പരിധിയില്‍ പോലീസുകാര്‍ക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സ്റ്റേഷന് ഹൗസ് ഓഫീസര്‍ അടക്കം ആറ് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്.എച്ച്.ഒ സജേഷ്, അനൂപ് കുമാര്‍, ജയന്, സുധി കുമാര്‍, ഗോപകുമാര്‍, കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
എസ്.ഐ അടക്കം 25 പേരെ സ്ഥലംമാറ്റി. എസ്.ഐ മനു ആര്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുദര്ശന് കെ.എസ്, പ്രദീപ് വി, രാജീവ് എസ്, രാജു എസ്, ശ്രീകല ജി.എസ്, ഷാജഹാന് കെ, മുഹമ്മദ് ഷാഫി ഇ, സുഗണന്‍ സി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിഷ്ണുലാല്‍ എസ്.ജെ, ഗോകുല്‍ ജെ.എസ്, അരുണ്‍ എ, നവീന്‍ അശോക്, ഹരിപ്രസാദ് വി.എസ്, ശ്രീജിത്ത് പി, സുരേഷ് എസ്, ഷൈജു എസ്, അജി കുമാര്‍ ഡി, ലിബിന് എസ്, ദിനു വി.ജി, ഗിരീഷ് കുമാര്‍ വി, വിനു കുമാര്‍ ബി, അബ്ദുല്‍ വഹീദ് യു, നസീറ ബീഗം കെ എന്നിവരെയാണ് സ്ഥലംമാറ്റിയത്.
എസ്.ഐയെ ചിറയിങ്കല്‍ സ്റ്റേഷനിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ പോത്തന്‍കോട്, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, വട്ടപ്പാറ, കഠിനംകുളം സ്റ്റേഷനിലേക്കും ഡിസ്ട്രിക് ആംഡ് റിസര്‍വിലേക്കും ഡി.സി.ആര്.ബി തിരുവനന്തപുരം റൂറലിലേക്കുമാണ് മാറ്റിയത്.
മംഗലപുരം സ്റ്റേഷനിലെ സ്വീപ്പറിനെതിരെ അച്ചടക്ക നടപടിയില്ല. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രിയാണ് റൂറല്‍ എസ്.പി ഡി. ശില്‍പ്പ പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം അക്രമികള്‍ ആദ്യം കടന്നുകളഞ്ഞു. പ്രതികളെ പിടിക്കാനെത്തിയ മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. രക്ഷപ്പെട്ട പ്രതികള്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന് ശ്രീകുമാരന്‍ നായരെ ആക്രമിക്കുകയും കിണറ്റിലിടുകയും ചെയ്തു. എന്നാല്‍, പ്രതികളെ വേഗം പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഒരാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. മറ്റൊരാളെ പിന്നീട് പിടികൂടി.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് റൂറല്‍ പോലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടും വേണ്ടവിധത്തിലുള്ള ഇടപെടല്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്റ്റേഷന് പരിധിയിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരേ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികളും സ്വീകരിച്ചില്ല.