കൊട്ടാരക്കര: മദ്യലഹരിയില്‍ ബൈക്ക് ഓടിക്കുകയും പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിന് എസ്എഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എസ്എഫ്ഐ കൊട്ടാരക്കര ഏരിയ പ്രസിഡന്റ് അജു (23), സെക്രട്ടറി അലീം (22), അര്ജുന് (21) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ചന്തമുക്കിലായിരുന്നു സംഭവം. മൂന്നുപേരും ഒരുമിച്ചു സഞ്ചരിച്ച ബൈക്ക് ചന്തമുക്കില്‍ നിയന്ത്രണം വിട്ടുമറിയുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്തു. സ്ഥലത്തെത്തിയ എസ്ഐ ബാലാജിയും സംഘവും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് കൈയേറ്റ ശ്രമമുണ്ടായത്.
അജു എസ്ഐയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കോളറിന് കുത്തിപ്പിടിച്ചു കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അലീമാണ് ബൈക്ക് ഓടിച്ചിരുന്നത്. മൂവരും മദ്യലഹരിയിലായിരുന്നെന്നും ഒട്ടേറെ അക്രമക്കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു.


